കള്ളപ്പണ നിക്ഷേപം: 50 പേരുടെ പേര് വിവരങ്ങള്‍ സ്വിസ് സര്‍ക്കാരിന് കൈമാറും

ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണനിക്ഷേപം ഉള്ള 50 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു കൈമാറും. വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിനായാണ് സ്വിറ്റ്‌സര്‍ലണ്ടിലേക്ക് അയക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് 50 പേരുടെ വിവരങ്ങള്‍ പരിശോധിക്കുന്നത്. ഉന്നതതലസംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദ്യഘട്ടം എന്ന നിലയില്‍ പട്ടികയിലെ 50 പേരുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ സഹകരിക്കാമെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതുവഴി കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്.

ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണനിക്ഷേപമുള്ള 700 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാല്‍ ശേഖരിച്ച വിവരങ്ങളുടെ സാധുത ഉറപ്പുവരുത്തുന്നതിന് സ്വിറ്റസര്‍ലണ്ട് സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. എച്ച്എസ്ബിസി ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ മോഷ്ടിച്ച രേഖകളാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നതെന്നും അതിനാല്‍ അക്കൗണ്ടുള്ളവരുടെ വിവരങ്ങള്‍ പങ്കു വയ്ക്കാനാകില്ലെന്നും ആയിരുന്നു സ്വിസ് സര്‍ക്കാരിന്റെ ആദ്യനിലപാട്.

Top