കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനായുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വിസ്സ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ജെയ്റ്റ്‌ലി ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം കള്ളപ്പണ നിക്ഷേപകരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് ധനമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിദേശരാജ്യങ്ങളുമായുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിദേശത്തെ കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സമിതി സമര്‍പ്പിച്ചിരിക്കുന്ന വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളതും സുപ്രധാനവുമാണ്. ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലണ്ട് സര്‍ക്കാരുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ വിവരങ്ങള്‍ വെളിപ്പെടുത്താനും കള്ളപ്പണം തിരികെ എത്തിക്കാനും കഴിയുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

Top