കള്ളപ്പണം: ഏതന്വേഷണവും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് അജയ്മാക്കന്‍

ന്യുഡല്‍ഹി: അരുണ്‍ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍. കോണ്‍ഗ്രസിനോട് ഭീഷണി വേണ്ടെന്നും ഏത് അന്വേഷണത്തെയും നേരീടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അജയ് മാക്കന്‍ പറഞ്ഞു .

കളളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റലിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇത്തരമൊരു പ്രതികരണം. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പേര് വെളിപ്പെടുത്തല്‍ ഇരട്ടനികുതി കരാറിന്റെ ലംഘനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുളള കളളപണ നിക്ഷേപം വീണ്ടെടുക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. കളളപ്പണത്തിന്റെ പേരില്‍ ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ പേരുകള്‍ പുറത്തു വിടാനും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.

Top