കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ജില്ലാ കളക്ടറും ടൂറിസം ഡയറക്ടറുമായ ഷേയ്ക് പരീത്, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ് എന്നിവര്‍ കുടുങ്ങാന്‍ സാധ്യത.
ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായിരുന്ന ഇ മുറാദ്, വില്ലേജ് ഓഫീസറായിരുന്ന ചങ്ങമ്പുഴ നഗര്‍ മന്നത്തുപാടം കിഴക്കേ വീട്ടില്‍ കെ.എസ് സാബു, എറണാകുളം കളക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗം യു.ഡി ക്ലാര്‍ക്ക് ഗീവര്‍ഗ്ഗീസ് എന്നിവരെ ചോദ്യം ചെയ്യുന്നത് ഉന്നത ബന്ധം പുറത്തു കൊണ്ടുവരാനാണെന്നാണ് ലഭിക്കുന്ന സൂചന.
മുകളില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിക്കാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഷേയ്ക് പരീത് ഉള്‍പ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തതില്‍ നിന്ന് ചില സംശയങ്ങള്‍ സിബിഐ ഉദ്യോഗസ്ഥരില്‍ ഉടലെടുത്തിരുന്നു.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതോടെ യാഥാര്‍ത്ഥ്യം പുറത്താകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അഴിമതി കേസിന് പുറമെ ഭൂമി തട്ടിപ്പ് കേസിലും പ്രധാന ആരോപണ കേന്ദ്രമായി ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മാറിയത് ടി.ഒ സൂരജിന്റെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.
നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന സൂരജിന്റെ വാദങ്ങള്‍ സിബിഐ മുഖവിലക്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
റവന്യൂ രേഖകള്‍ തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എന്‍.എ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള 25 കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ ഉടമസ്ഥതയാണ് മാറ്റിയത്. തണ്ടപ്പേര് മാറ്റല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ നടക്കില്ലെന്ന നിഗമനത്തിലാണ് സിബിഐ.
ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെയും കളക്ടറേറ്റിലെയും ഇടപെടലാണ് തട്ടിപ്പിന് വഴിയൊരുക്കിയത് എന്നതിനാല്‍ അന്ന് കളക്ടറായിരുന്ന ഷേയ്ക് പരീതിനും ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന ടി.ഒ സൂരജിനും ഉത്തരവാദിത്വമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തിക്കായി കീഴുദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നോ എന്നത് സംബന്ധിച്ച് കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരുടെ മൊഴി നിര്‍ണായകമാകും.


