രാമേശ്വരം: മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ മൃതദേഹം സമ്പൂര്‍ണ ദേശീയ ബഹുമതികളോടെ ഖബറടക്കി. രാമേശ്വരത്തിനു സമീപം അരയകുണ്ടെയിലെ തങ്കച്ചിമഠം പേക്കരുമ്പില്‍ തയ്യാറാക്കിയ സ്ഥലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കിയത്.
കബറടക്കത്തിനായി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഈ ഒന്നരയേക്കര്‍ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങുകള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കബറടക്കത്തിന് എത്തിയില്ല.
കലാമിനു രാമേശ്വരം വികാരനിര്‍ഭരമായാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്പചക്രം അര്‍പ്പിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് കലാമിന്റെ മൃതദേഹം രമേശ്വരത്തെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം രാത്രി വൈകി ഭൗതികശരീരം മോസ്‌ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. തുടര്‍ന്നാണ് മതപരമായ ചടങ്ങുകള്‍ നടത്തിയത്.


