ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ മൃതദേഹം മധുരയിലേക്ക് കൊണ്ടുപോയി. മധുരയില്‍നിന്ന് ഉച്ചയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ജന്മസ്ഥലമായ രാമേശ്വരത്തേക്കു കൊണ്ടുപോകും.
രാമേശ്വരത്തിനുസമീപം മണ്ഡപത്തില്‍വെച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കലാമിന്റെ ഭൗതികശരീരം ഏറ്റുവാങ്ങും. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് പൊതുദര്‍ശനത്തിനു വയ്ക്കും.
പൊതുദര്‍ശനത്തിനു ശേഷം രാത്രി എട്ടുമണിയോടെയായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. വ്യാഴാഴ്ച രാവിലെ പത്തരയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കുടുംബ പള്ളിയായ ആബില്‍ കാബീലിലോ ധനുഷ്‌കോടിയിലെ പുതുറോഡ് പള്ളിക്ക് സമീപമുള്ള കലാമിന്റെ സ്വന്തം സ്ഥലത്തോ കബറടക്കം നടക്കും.സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐഐഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണാണ്. ‘ഇന്ത്യയുടെ മിസൈല്‍മാന്‍’ എന്നറിയപ്പെടുന്ന കലാം അന്തരിച്ചത്.
കലാമിന്റെ മൃതദേഹം വഹിച്ചുള്ള വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ചൊവ്വാഴ്ച രാവിലെയോടെ ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ സേനാമേധാവികളുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി മൃതദേഹം ഏറ്റുവാങ്ങി.
രാഷ്ട്രപതി, ഉപരാഷ്ടപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് രാജാജി മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു.
സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, ദേശീയപ്രസിഡന്റ് അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്ങ്, സ്പീക്കര്‍ സുമിത്ര മഹാജന്‍, മുലായം സിംങ്ങ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.


