എ.പി.ജെ അബ്ദുള്‍ കലാം ജ്വലിക്കുന്ന ഓര്‍മ്മ; മിസൈല്‍മാന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുള്‍ കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങും. രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മനാടായ രാമേശ്വരത്ത് നാളെയാണ് സംസ്‌കാരം.

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇന്ത്യയുടെ മിസൈല്‍ മാന്‍ വിടപറഞ്ഞപ്പോള്‍ പ്രമുഖര്‍ അനുശോചിച്ചു.

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ തലമുറയുടെ ഊര്‍ജ്ജ സ്രോതസ്സായിരുന്നു ഡോ. കലാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. മറ്റു മന്ത്രിമാരും കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Top