ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ നടന്ന റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ എഫ്‌ഐആര്‍.
ആത്മഹത്യാശ്രമത്തിനായി മരത്തില്‍ കയറിയ ഗജേന്ദ്ര സിങ്ങിനെ ജനക്കൂട്ടം കൈയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു. അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള പൊലീസിന്റെ നീക്കത്തെ റാലിക്കെത്തിയവര്‍ തടഞ്ഞെന്നും ഡല്‍ഹി പൊലീസിന്റെ സുരക്ഷ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ അവഗണിച്ചുവെന്നും കമ്മിഷണര്‍ ബി.എസ്. ബസി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്നും ബസി കൂട്ടിച്ചേര്‍ത്തു.
റാലിയില്‍ പങ്കെടുക്കാന്‍ നിരവധിപ്പേര്‍ എത്തുമെന്നതിനാല്‍ സ്ഥലം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഎപി നേതൃത്വം അതിനു തയാറായില്ലെന്നും ബസി വ്യക്തമാക്കി.
അതേസമയം, റാലിയുടെ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. സംഭവത്തില്‍ എഎപി നേതാക്കളെയും ചോദ്യം ചെയ്യും. ഗജേന്ദ്ര സിങ്ങിന്റെ ആത്മഹത്യയ്ക്കു പിന്നല്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചു.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ഗജേന്ദ്ര സിങ് ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹമാണ് ഗജേന്ദ്ര സിങ്ങിനോട് റാലിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


