വയനാട്: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എ സമനില നേടി. 444 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇന്ത്യ എ കളി അവസാനിക്കുമ്പോള്‍ നാലിന് 309 എന്ന നിലയിലായിരുന്നു. മലയാളി താരം കരുണ്‍ നായര്‍ പുറത്താകാതെ നേടിയ 114 റണ്‍സാണ് ഇന്ത്യ എയ്ക്ക് രക്ഷയായത്. രണ്ടിന് 73 എന്ന നിലയില്‍ നാലാം ദിനം കളി തുടര്‍ന്ന ഇന്ത്യ എ കരുണ്‍ നായര്‍(114), അഭിനവ് മുകുന്ദ്(65), വിജയ് ശങ്കര്‍(പുറത്താകാതെ 74) എന്നിവരുടെ മികവിലാണ് സമനില പിടിച്ചത്.
ദക്ഷിണാഫ്രിക്ക എ 542 & ഒന്നിന് 109, ഇന്ത്യ 204 & നാലിന് 309
ആദ്യ ഇന്നിംഗ്‌സില്‍ 338 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമത് ബാറ്റുചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം ഇന്ത്യയ്ക്ക് രക്ഷയാകുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സ് ഒന്നിന് 109 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്ക 444 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയുടെ മുന്നില്‍വെക്കുകയായിരുന്നു. എന്നാല്‍ കരുണ്‍ നായരും കൂട്ടരുംചേര്‍ന്ന് നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയ്ക്ക് ജയം നിഷേധിക്കുകയായിരുന്നു.
പരമ്പരയിലെ രണ്ടാമത്തെ ചതുര്‍ദിന മല്‍സരം ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും.


