കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ വെടിപൊട്ടിയത് സിഐഎസ്എഫ് സിഐ സീതാറാം ചൗധരിയുടെ കയ്യില്‍നിന്നെന്ന് പ്രാഥമിക നിഗമനം. സി.ഐ സീതാറാം ചൗധരിയുടെ കൈയിലുണ്ടായിരുന്ന തോക്കിൽ നിന്നുള്ള വെടി അദ്ദേഹത്തിന്റെ തന്നെ തന്നെ ഇടതു കൈ തുളച്ച ശേഷം, കൊല്ലപ്പെട്ട ജവാൻ എസ്.എസ്.യാദവിന്റെ താടിയിലൂടെ തലച്ചോറിലേക്ക് തുളച്ചു കയറുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ അജികുമാര്‍ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൗധരി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കസ്റ്റഡിയിലുള്ള 11 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല അറസ്റ്റ്. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ മൊഴിയെടുക്കും. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവരെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍, സി.ഐ.എസ്.എഫുകാര്‍ക്കുള്ള വിരോധമാണ് തനിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അജികുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിലപ്പെട്ട പല സാധനങ്ങളും സി.ഐ.എസ്.എഫുകാര്‍ വിമാനത്താവളത്തില്‍ നിന്ന് കടത്തുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടതാണ് തനിക്കു നേരെയുള്ള ആക്രമണത്തിന് കാരണമെന്നും അജിത് പറഞ്ഞു.


