കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ എട്ടു പേര്‍ പിടിയില്‍

കോല്‍ക്കത്ത: പശ്ചിമബംഗാളിലെ കോല്‍ക്കത്തയില്‍ എഴുപത്തിരണ്ടുകാരി കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടു പേര്‍ പൊലീസ് പിടിയില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ അഞ്ചു പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍. കോണ്‍വെന്റിലെ സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവം വിവാദമായതോടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്റ്റര്‍ പി.ബി. സലിമിനു നിര്‍ദേശവും നല്‍കി. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നു പൊലീസും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണു നാദിയ ജില്ലയിലെ റാണാഘട്ടിലുള്ള ജീസസ് ആന്റ് മേരി കോണ്‍വെന്റില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്. കോണ്‍വെന്റില്‍ കയറിയ എട്ടംഗ സംഘം മൂന്നു കന്യാസ്ത്രീകളെയും സുരക്ഷാ ഗാര്‍ഡിനെയും കെട്ടിയിട്ട ശേഷം ഓഫിസില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപയും കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. ഇതിനു ശേഷമായിരുന്നു ബലാത്സംഗം. കോണ്‍വെന്റിനു സമീപം ഇവര്‍ ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. രാവിലെ ആറു മണിയോടെ ഈ സ്‌കൂള്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണു സംഭവം അറിഞ്ഞത്. തുടര്‍ന്ന് കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവഗുരുതരമെന്നു ആശുപത്രി അധികൃതര്‍. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
സംഭവത്തില്‍ കോല്‍ക്കത്ത രൂപത ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ ഞെട്ടല്‍ രേഖപ്പെടുത്തി.

Top