കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.എം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട സാഹിത്യകാരനും ഭാഷാപണ്ഡിതനും കര്‍ണാടക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ എം.എം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണു കല്‍ബുര്‍ഗിക്കു വെടിയേറ്റത്.

വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ കക്ഷികളുടെ വധഭീഷണിയുണ്ടായിരുന്നു. രാവിലെ ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് ഇദ്ദേഹത്തെ വെടിവെച്ചത്.

കല്യാണ്‍ നഗറിലുള്ള വസതിയില്‍ വാതില്‍ മുട്ടിത്തുറന്നാണ് അക്രമി കല്‍ബുര്‍ഗിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ബൈക്കില്‍ വീട്ടിലെത്തിയ അജ്ഞാത സംഘത്തിലെ ഒരാള്‍ വാതില്‍ മുട്ടി വിളിച്ചു. തുടര്‍ന്ന് വാതില്‍ തുറന്ന കല്‍ബുര്‍ഗിക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കല്‍ബുര്‍ഗിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കര്‍ണാടകയിലെ ബീജാപൂരില്‍ ജനിച്ച കല്‍ബുര്‍ഗി കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ കന്നട വിഭാഗം അധ്യാപകനായിരുന്നു. കന്നട സാഹിത്യത്തിലെ സംഭാവനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Top