കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കി: കനത്തമഴയില്‍ ഇടുക്കി ജില്ലയില്‍ ഇന്നലെ രണ്ടിടത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. കട്ടപ്പന പശുപാറയിലും രാജാക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാജാക്കാട് മുട്ടുകാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കറോളം കൃഷി ഭൂമി ഒലിച്ച് പോയി.

പശുപ്പാറ പമ്പ് ഹൗസ് റോഡിന് സമീപം ഇന്നലെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരേക്കറിലധികം മണ്ണ് ഒലിച്ചുപോയി. പശുപ്പാറ കുടിവെള്ള പദ്ധതിക്ക് സമീപമാണ് മണ്ണ് ഒലിച്ച് പോയത്. ഉരുള്‍പൊട്ടലില്‍ കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പുകളെല്ലാം നശിച്ചു. റോഡ് തകര്‍ന്ന അവസ്ഥയിലുമാണ്.

അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 57 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top