കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി ശരിവച്ചു. യ.എപി.എ കേസായതിനാലാണ് ജാമ്യാപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കി. തലശ്ശേരി സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

കഴിഞ്ഞദിവസം ജാമ്യാപേക്ഷയില്‍ വാദത്തിനിടെ കേസില്‍ ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് കോടതിയെ സി.ബി.ഐ. അറിയിച്ചിരുന്നു.

യു.എ.പി.എ. ചുമത്തിയ കേസില്‍ വകുപ്പ് 43 ഡി നാല് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നായിരുന്നു സിബിഐയുടെ വാദം.

കേസില്‍ പ്രതികളായിരുന്ന പ്രകാശന്‍, രാമചന്ദ്രന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യമനുവദിച്ചത് ജയരാജന്റെ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ചാണ് ജയരാജന്‍ ജൂലൈ 10ന് ഹര്‍ജി സമര്‍പ്പിച്ചത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം

Top