കണ്‍സ്യൂമര്‍ഫെഡില്‍ ടോമിന്‍ തച്ചങ്കരി നടത്തിയ കൂട്ടസ്ഥലമാറ്റം വിവാദമായി

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനം ഒഴിയുന്നതിനു മുന്‍പു ടോമിന്‍ തച്ചങ്കരി നടത്തിയ കൂട്ടസ്ഥലമാറ്റം വിവാദമായി. തച്ചങ്കരിയെ അനുകൂലിക്കുന്ന ജീവനക്കാരെയാണു സ്ഥലം മാറ്റിയത്. തച്ചങ്കരിയുടെ നടപടി ചട്ടവിരുദ്ധമാണെന്നുകാട്ടി സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കാനൊരുങ്ങുകയാണു സഹകരണ വകുപ്പ്.

കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം നീക്കിയ ടോമിന്‍ തച്ചങ്കരി സ്ഥാനമൊഴിയുന്നതിനു തൊട്ടു മുന്‍പാണ് 10 ജീവനക്കാരെ സ്ഥലംമാറ്റിയത്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്കു താങ്ങും തണലുമായി നിന്ന ജീവനക്കാരെയാണു തച്ചങ്കരി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്.

സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികള്‍ വെച്ചാണു സ്ഥലമാറ്റ ഉത്തരവുകള്‍ ഇറക്കിയതെങ്കിലും ഇന്നലെ വൈകുന്നേരമാണ് ഉത്തരവ് പുറത്തിറങ്ങിയത്.

തച്ചങ്കരിയുടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ സഹകരണവകുപ്പ് രംഗത്തെത്തി. സ്ഥാനമൊഴിയുന്നതിന് മുന്‍പുളള തച്ചങ്കരിയുടെ സ്ഥലമാറ്റ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് സഹകരണവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കുമെന്നാണ് സഹകരണവകുപ്പ് ഉന്നതര്‍ നല്‍കുന്ന സൂചന.

Top