കണ്ണൂര്‍: സംസ്ഥാനത്ത് തിരുവോണ നാളില്‍ തുടങ്ങിയ സിപിഐഎം- ബിജെപി സംഘര്‍ഷം തുടരുന്നു. കണ്ണൂര്‍ പള്ളിയാം മൂല സിപിഐഎം പ്രവര്‍ത്തകരുടെ വീടിനു നേരെയും തളാപ്പ് ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെയും ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായി. കണ്ണൂര്‍ ചക്കരക്കല്ല് പെരിങ്ങളായിയില്‍ ബോംബുമായി സഞ്ചരിച്ച പിലാനൂര്‍ സ്വദേശി ഷനോജ് എന്ന സിപിഐഎം പ്രവര്‍ത്തകനെ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു
അതിനിടെ സംഘര്‍ഷം തുടരുന്ന കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടൂര്‍, അമ്പലത്തറ സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് കൊളവയലില്‍ ഇന്നലെ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റിരുന്നു. കൊളവയില്‍ സ്വദേശികളായ ഷിജു, ശ്രീജേഷ്, രതീഷ്, ശ്രീജിത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്രീജേഷിന്റെ പരുക്ക് ഗുരുതരമാണ്.
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായിരുന്നു. കണ്ണൂരില്‍ വിവിധ സ്ഥലങ്ങളില്‍ ഇരു പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു
തിരുവോണ ദിവസം തൃശ്ശൂൂരില്‍ കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് ബിജെപി ബൂത്ത് കമ്മിറ്റി സെക്രട്ടറി കാട്ടൂര്‍ വീട്ടില്‍ അഭിലാഷ് (32) വെട്ടേറ്റും കാസര്‍കോട് സിപിഐഎം പ്രവര്‍ത്തകന്‍ സി. നാരായണന്‍ (42) കുത്തേറ്റും മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും നിരവധി വീടുകളും തകരുകയും ചെയ്തിരുന്നു


