തിരുവനന്തപുരം: രാഷ്ട്രീയ ധാര്‍മ്മികത കാറ്റില്‍പ്പറത്തി ബാര്‍ കോഴി കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം മാണിയെ പിന്തുണക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു. കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ. കരുണാകരന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ധാര്‍മ്മികതയാണ് മാണിക്കുവേണ്ടി കോണ്‍ഗ്രസ് കൈവിടുന്നത്.
കോടതി പരാമര്‍ശത്തിന്റെ പേരില്‍ പോലും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാണ് കെ. കരുണാകരന്‍ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചത്. ഇല്ലാത്ത ചാരക്കേസിന്റെ പേരില്‍ രണ്ടാം തവണയും കെ. കരുണാകരനു രാജിവെക്കേണ്ടി വന്നു. മന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞയാള്‍ക്ക് താല്‍ക്കാലിക ജോലി നല്‍കാത്തതിന് ഡി.എം.ഒയെ ഫോണില്‍ വിളിച്ച് ശാസിച്ചതിന്റെ ശബ്ദരേഖ പുറത്തായതിനാണ് മുന്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കു രാജിവെക്കേണ്ടി വന്നത്. വനം മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥനും കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞിരുന്നു.
വിമാനയാത്രക്കിടെ സഹയാത്രികയെ പിടിച്ചെന്ന വിവാദത്തെ തുടര്‍ന്ന് ഇടതുപക്ഷ മന്ത്രിയായിരുന്ന പി.ജെ ജോസഫിനു മന്ത്രി സ്ഥാനം രാജിവേക്കേണ്ടി വന്നു. നായനാര്‍ മന്ത്രിസഭയിലെ നീലലോഹിതദാസ് നാടാര്‍ക്കും വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു.
ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ സ്ഥാനംരാജിവെച്ച് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം. എന്നാല്‍ ബാര്‍ കോഴ കേസില്‍ പ്രതിയായിട്ടും ധനമന്ത്രി കെ.എം മാണി രാജിവെക്കാന്‍ മടിക്കുകയാണ്. കുറ്റപത്രം നല്‍കിയാല്‍പോലും രാജിവെക്കില്ലെന്നു പറഞ്ഞാണ് മാണി രാഷ്ട്രീയ ധാര്‍മ്മികതയെപ്പോലും വെല്ലുവിളിക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് ബജറ്റ് അവതിരിപ്പിക്കാന്‍ മാണിക്ക് കൂട്ടുനിന്നതില്‍ കോണ്‍ഗ്രസില്‍ വ്യാപക എതിര്‍പ്പുണ്ട്.
അഴിമതിക്കേസില്‍ പ്രതിയായ മാണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന നിലപാടാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇതിനൊപ്പമാണ്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാണിയെ ശക്തമായി പിന്തുണക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മാണിക്കു പകരം മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നായിരുന്നു അജയ് തറയിലിന്റെ നിലപാട്. മാണിക്ക് വിശ്രമമാണ് ആവശ്യമെന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റും കോണ്‍ഗ്രസിന്റെ പ്രതിഷേധമാണ് വ്യക്തമാക്കുന്നത്.


