ഔഡി മിഡ്‌സൈസ് സ്‌പോര്‍ട്‌സ് കാര്‍ ടി.ടിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍

ഔഡിയുടെ മിഡ്‌സൈസ് സ്‌പോര്‍ട്‌സ് കാര്‍ ടി.ടിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 60.34 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍, വലിയ മസ്‌ക്കുലര്‍ വീല്‍ ആര്‍ച്ചുകള്‍, നവീകരിച്ച ബമ്പര്‍, എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് കാറിന് സ്‌പോര്‍ടി രൂപഭംഗി നല്‍കുന്നത്.

230 പി.എസ് പരമാവധി കരുത്തും 350 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഔഡി ടി.ടി സ്‌പോര്‍ട്‌സ് കാറിന് കരുത്ത് പകരുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഡ്യുവല്‍ക്ലച്ച് ഗിയര്‍ബോക്‌സിലൂടെയാണ് ക്വാട്രോ ഫോര്‍വീല്‍ഡ്രൈവ് സംവിധാനംവഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തുന്നത്.

മണിക്കൂറില്‍ 100 കി.മി വേഗമാര്‍ജിക്കാന്‍ വാഹനത്തിന് 5.3 സെക്കന്‍ഡുകള്‍ മാത്രംമതി. മണിക്കൂറില്‍ 250 കി.മിയാണ് പരമാവധി വേഗം.

പോര്‍ഷെ ബോക്സ്റ്റര്‍, ബി.എം.ഡബ്ല്യൂ സഡ് 4, മെഴ്‌സിഡീസ് ബെന്‍സ് എസ്.എല്‍.കെ എന്നിവയുടെ വിപണിയിലേക്കാണ് ടി.ടി വരുന്നത്.

Top