ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

തിരുവനന്തപുരം:എന്‍ജിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം. ജീപ്പ് ഓടിച്ച വിദ്യാര്‍ത്ഥികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജീപ്പ് പൊലീസ് പിടിച്ചെടുത്തു.

തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീകാര്യം എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയും മലപ്പുറം സ്വദേശിയുമായ തന്‍സി ബഷീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

കോളേജിലെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ തുറന്ന ജീപ്പ് ഗ്രൗണ്ടിനു സമീപത്തുവച്ച് വേഗത്തില്‍ പിന്നോട്ടെടുത്തപ്പോള്‍ തന്‍സിയെ ഇടിക്കുകയായിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി കോളേജ് കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിക്കാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അമിത വേഗത്തില്‍ ഓടിച്ച ബൈക്ക് ഇടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു.

Top