ഓണത്തിന് തിയ്യേറ്റുകളില്‍ എത്തുന്നത് നാല് മലയാളചിത്രങ്ങള്‍

ഓണത്തിന് തിയ്യേറ്ററുകളില്‍ എത്തുന്നത് നാലു ചിത്രങ്ങള്‍. എല്ലാം മേജര്‍ താരങ്ങളുടെ സിനിമകള്‍. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ്, മോഹന്‍ലാലിന്റെ ലോഹം, ദിലീപിന്റെ ലൈഫ് ഒഫ് ജോസൂട്ടി, കുഞ്ചാക്കോ ബോബന്റെ ജമ്‌നാപ്യാരി എന്നിവയാണ് ഓണസിനിമകള്‍. അതേ സമയം പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ഡബിള്‍ ബാരല്‍ ഓണത്തിന് എത്തുമോയെന്ന് ഉറപ്പായിട്ടില്ല.

രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോഹത്തില്‍ ഇടവേളക്കു ശേഷം മോഹന്‍ലാല്‍ മീശ പിരിക്കുന്നു. രാജു എന്ന ടാക് സി ഡ്രൈവറുടെ വേഷമാണ് മോഹന്‍ലാലിന്. ആന്‍ഡ്രിയ ജെറീമിയ നായികയാവുന്ന ആദ്യ ഓണ സിനിമയായി ആഗസ്റ്റ് 20ന് ലോഹം എത്തും. താര സമ്പന്നമാണ് ലോഹത്തിന്റെ മുഖമുദ്ര. ഉള്‍വലിയാതെ കഥയോട് നീതി പുലര്‍ത്തുന്ന രഞ്ജിത് കഥാപാത്രങ്ങളെ തീര്‍ച്ചയായും ലോഹത്തിലും കാണാന്‍ കഴിയും.

മമ്മൂട്ടി കമല്‍ സിനിമ ഉട്ടോപ്യയിലെ രാജാവ് അക്ഷര്‍ത്ഥത്തില്‍ ആക്ഷേപ ഹാസ്യം അനാവരണം ചെയ്യുന്നു. ഒരു സാങ്ക്‌ലപിക ഗ്രാമമാണ് കമല്‍ സിനിമയുടെ ഭൂമിക. പത്തേമാരിക്കുശേഷം ജുവല്‍ മേരി മമ്മൂട്ടിയുടെ നായികയാവുന്നു. എന്നാല്‍ ജൂവലിന്റെ ആദ്യ സിനിമ എന്ന ഖ്യാതി കമല്‍ സിനിമ കൈവരിക്കും. നീല്‍ ഡി കുഞ്ഞയാണ് ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നത്. പി. എസ് റഫീക്ക് എന്ന തിരക്കഥാകാരന്റെ സൃഷ്ടിയിലൂടെയാണ് കമല്‍ സിനിമ യാഥാര്‍ത്ഥ്യമാവുന്നത്. ആഗസ്റ്റ് 27ന് ചിത്രം തിയേറ്ററില്‍
എത്തുന്നു.

മൈ ബോസിനുശേഷം ദിലീപും ജീത്തും ജോസഫും ഒന്നിക്കുന്ന ലൈഫ് ഒഫ് ജോസൂട്ടി കട്ടപ്പനക്കാരന്റെ ജീവിതയാഥാര്‍ത്യങ്ങളും അയാളുടെ ആഹ്‌ളാദവും വേദനയുമെല്ലാം ഒരുപോലെ പങ്കുവയ്ക്കുന്നു. ദിലീപ് ജോസൂട്ടിയായി നിറഞ്ഞു നില്‍ക്കുമ്പോള്‍ ചിരിയുടെ പൂരം ഒരുക്കാന്‍ ചെമ്പന്‍ വിനോദ് ജോസും പാഷാണം ഷാജിയും എത്തുന്നു. രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയും ആദ്യമായി ദിലീപിന്റെ നായികമാരാവുന്നതാണ് ജോസൂട്ടിയുടെ മറ്റൊരു സവിശേഷത.

ജമ്‌നാപ്യാരി ടൈറ്റിലിന്റെ പുതുമ തീര്‍ച്ചയായും സമ്മാനിക്കുന്നു. മായാബസാറിനുശേഷം തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോബോബനും നീരജ് മാധവും സുരാജ് വെഞ്ഞാറമൂടും താരനിരയെ സമ്പന്നമാക്കുന്നു. പുതുമുഖം ഗായത്രി സുരേഷ് ജമ്‌നപ്യാരിയിലൂടെ നായികനിരയില്‍ സാന്നിദ്ധ്യം അറിയിക്കുന്നു.

എന്നാല്‍ ഓണസിനിമകള്‍ക്ക് ഭീഷണി ഉയര്‍ത്തി സെപ്തംബര്‍ ആദ്യ ആഴ്ച വിജയ്‌യുടെ പുലി ഇറങ്ങുന്നുണ്ട്. ചെറിയ പെരുന്നാള്‍ ബാഹുബലി കൊണ്ടു പോയി. ഓണത്തിന് പുലി ഇറങ്ങുന്നത് മലയാള ചിത്രങ്ങളുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭയത്തിലാണ് നിര്‍മ്മാതാക്കള്‍.

Top