ലാദന്‍ മോഡല്‍ ‘ഓപ്പറേഷന്‍ ‘ ദാവൂദിന്റെ കാര്യത്തില്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ നീക്കം

വാഷിംഗ്ടണ്‍: അല്‍ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വകവരുത്തിയതിന് സമാനമായി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വകവരുത്താനോ പിടികൂടാനോ ഇന്ത്യ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയെ ഉദ്ധരിച്ചാണ് പ്രമുഖ പോര്‍ട്ടല്‍ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

പാക്കിസ്ഥാനില്‍ അതിക്രമിച്ച് കയറി അമേരിക്ക നടത്തിയത് പോലുള്ള ഒരു ഓപ്പറേഷന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ഇരു രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നുള്ളതിനാല്‍ കാര്യങ്ങള്‍ അമേരിക്ക സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുകയും സൈനികരെ വധിക്കുകയും ചെയ്ത നാഗാ തീവ്രവാദികളെ മ്യാന്മറില്‍ കയറി തരിപ്പണമാക്കിയ ഇന്ത്യ പാക്കിസ്ഥാനില്‍ അതിക്രമിച്ച് കടക്കാനുള്ള സാധ്യത അമേരിക്ക തള്ളിക്കളയുന്നില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍വച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ ദാവൂദിനെ പിടികൂടാനോ വകവരുത്താനോ ഇന്ത്യ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞതായാണ് അമേരിക്കയുടെ നിഗമനം.

അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ദാവൂദിന്റെ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യ്ക്ക് ശക്തമായ നെറ്റ്‌വര്‍ക്ക് സംവിധാനമുള്ളതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് സി.ഐ.എ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

തന്ത്രപരമായ നീക്കത്തിലൂടെ ദാവൂദിനെ പിടികൂടാനോ വകവരുത്താനോ രഹസ്യാന്വേഷണ വിഭാഗങ്ങളെ മുന്‍നിര്‍ത്തി വര്‍ഷങ്ങളായി ഇന്ത്യ ശ്രമം നടത്തുന്നുണ്ടെങ്കിലും മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇക്കാര്യത്തില്‍ ശക്തമായ നീക്കങ്ങള്‍ തുടങ്ങിയത്.

മ്യാന്മര്‍ ഓപ്പറേഷന് നേതൃത്വം നല്‍കയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ നീക്കം.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലില്ലെന്ന പാക് ഭരണകൂടത്തിന്റെ വാദം, ദാവൂദിന്റെ ഭാര്യയുമായുള്ള സംഭാഷണം പുറത്ത് വിട്ടതിലൂടെ ഇന്ത്യ തകര്‍ത്തത് ബോധപൂര്‍വ്വമാണെന്ന വിലയിരുത്തലിലാണ് അമേരിക്ക.

ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ഫോണ്‍ ബില്ലും യാത്രാ രേഖകകളും പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെയാണ് ദാവൂദ് വീട്ടിലുണ്ടെന്നും ഉറങ്ങുകയാണെന്നുമുള്ള മെഹ്ജബീന്‍ ശൈഖയുടെ സംഭാഷണവും സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്.

ഇന്ത്യാ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം നടക്കേണ്ടിയിരുന്ന ദിവസത്തിന് തൊട്ടുമുന്‍പ് നടന്ന ഈ വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇടപെടലോടെ നടന്ന തന്ത്രപരമായ നീക്കമായിട്ടാണ് സി.ഐ.എ കാണുന്നത്.

കാശ്മീര്‍ പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ഹൂറിയത്ത് വിഘടനവാദികളുമായി പാക്കിസ്ഥാന്‍ കൂടിക്കാഴ്ച നടത്തരുതെന്നുമുള്ള ഇന്ത്യയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചര്‍ച്ചയില്‍ നിന്ന് അവസാനനിമിഷം പിന്മാറുകയായിരുന്നു.

മുംബൈ സ്‌ഫോടനമുള്‍പ്പെടെ രാജ്യത്ത് പാക് തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന നിരവധി ആക്രമണങ്ങളുടെ പ്രധാന സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം ആയതിനാല്‍ എന്ത് വിലകൊടുത്തും ദാവൂദിനെ പിടികൂടുകയോ വകവരുത്തുകയോ ചെയ്യണമെന്ന നിലപാടിലാണ് മോഡി ഭരണകൂടം.

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധ കോലാഹലങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളുമെല്ലാം ‘ദാവൂദ് ഓപ്പറേഷന്‍’ വിജയിച്ചാല്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും മോഡി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചക്ക് അത്തരം നടപടികള്‍ വഴി ഒരുങ്ങുമെന്നുമാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങളും കണക്കുകൂട്ടുന്നത്.

മ്യാന്മര്‍ ഓപ്പറേഷന് പുറമെ നഴ്‌സുമാരെ ബന്ദികളാക്കിയ ഐ.എസ് ഭീകരരുടെ അടുത്ത് നിന്ന് അവരെ മോചിപ്പിക്കാന്‍ നടത്തിയ ‘ഓപ്പറേഷനും’ നേതൃത്വം നല്‍കിയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ ഐ.പി.എസ് ഓഫീസറുമായ അജിത് ഡോവല്‍ തന്നെയാണ് ദാവൂദിനെ പിടികൂടാനുള്ള ഇന്ത്യന്‍ നീക്കത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നതാണ് ഇതില്‍ പ്രസക്തം.

ദാവൂദിന് ഇനിയും പാക്കിസ്ഥാനില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദ തന്ത്രമായി വളര്‍ത്തിയെടുക്കാനാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ദാവൂദ് കറാച്ചിയിലുണ്ടെന്ന വിവരം പുറത്തുവിട്ടതിന് പിന്നിലെന്നാണ് സൂചന.

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വസതിയിലെ 2015 ഏപ്രില്‍ മാസത്തിലെ ഫോണ്‍ബില്‍, ദാവൂദിന്റെ പേരിലുള്ള മൂന്ന് പാസ്‌പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍, ദാവൂദിന്റെ ഭാര്യയുടെയും മകളുടെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇവ ഉപയോഗിച്ച് ഇവര്‍ നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍, കറാച്ചിയിലെ മറ്റ് രണ്ട് വസതികളുടെ വിശദാംശങ്ങള്‍ എന്നിവയാണ് പുറത്ത് വന്ന മറ്റ് വിവരങ്ങള്‍.

തീവ്രവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളില്‍ യോജിപ്പും സഹകരണവും ശക്തമായ സാഹചര്യത്തില്‍ ദാവൂദിനെതിരായ ഇന്ത്യയുടെ നീക്കങ്ങളെ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ക്ക് എതിര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

പാക്കിസ്ഥാനുമായി ചൈന സഹകരണം ശക്തമാക്കിയതില്‍ അസംതൃപ്തരായ അമേരിക്ക ഇപ്പോള്‍ ഇന്ത്യയുമായുള്ള സൗഹൃദം മോഡിയുടെയും ഒബാമയുടെയും സന്ദര്‍ശനങ്ങളിലൂടെ കൂടുതല്‍ ശക്തമാക്കിയിരുന്നു.

ദാവൂദിനെ പാക്കിസ്ഥാന്‍ വിട്ടുനല്‍കണമെന്ന ആവശ്യം ഇനിയും പാക്കിസ്ഥാന്‍ നിരാകരിച്ചാല്‍ കടുത്ത നടപടികളിലേക്ക് ഇന്ത്യ പോകുമെന്ന ഭയം യു.എന്നിനുമുണ്ട്.

അതുകൊണ്ട് തന്നെ ദാവൂദിനെ വിട്ടുനല്‍കിയില്ലെങ്കിലും ദാവൂദിനോട് രാജ്യം വിട്ട് പോകാനെങ്കിലും പാക്കിസ്ഥാന് പറയേണ്ടിവരുമെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

പാക്കിസ്ഥാന്‍ കൈവിട്ടാല്‍ മറ്റൊരു രാജ്യം ദാവൂദിന് എളുപ്പത്തില്‍ അഭയം കൊടുക്കാന്‍ സാധ്യത കുറവാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ദാവൂദിന് അഭയം കൊടുത്ത് ഇന്ത്യയുടെ അപ്രീതി സമ്പാദിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു രാഷ്ട്രവും തയ്യാറാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണിത്.

പാക്കിസ്ഥാനില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കുക, അല്ലെങ്കില്‍ ദാവൂദിന്റെ യാത്രാ വിശദാംശം ശേഖരിച്ച് മറ്റ് വിദേശ രാജ്യങ്ങളില്‍ വച്ച് പിടികൂടുക എന്നീ നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ ഒരുപക്ഷേ ദാവൂദിനെ പാക്കിസ്ഥാനില്‍ വച്ച് തന്നെ ആക്രമിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Top