ഒറ്റമന്ദാരം നവംബര്‍ 14ന്

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ആവിഷ്‌കരിച്ച വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രം ഒറ്റമന്ദാരം നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും. പതിനാലാം വയസ്സില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറേണ്ടിവന്ന പെണ്‍കുട്ടിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെയാണ് ചിത്രം പകര്‍ത്തുന്നത്. ഭാമയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താന. വിനോദ് മങ്കരയുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രമേഷ് നാരായണ്‍ തന്നെയാണ്. കാമറ ഉദയന്‍ അമ്പാടിയുടേതാണ്. നിര്‍മാണവും വിതരണവും പാപ്പിലോണിയ വിഷന്‍.

ഭാമ, നന്ദു, സജിതാ മഠത്തില്‍ എന്നിവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാവും ചിത്രത്തില്‍. ഇവരെ കൂടാതെ നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കൊച്ചുപ്രേമന്‍, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടി ഭാമ പതിനാലു വയസ്സുള്ള സ്‌കൂള്‍ കുട്ടിയും അമ്മയും വിധവയുമായി എത്തുന്ന ഒറ്റമന്ദാരം നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും.

Top