ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രമന്ത്രിയും മുന്‍ കരസോനാ മേധാവിയുമായ വി.കെ സിങ്ങിന്റെ മകള്‍ മൃണാളിനിയും.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം പാലിക്കുന്നതിനിടെയാണ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ മൃണാളിനിയും അണിചേര്‍ന്നിരിക്കുന്നത്.
ഒരു വിമുക്ത ഭടന്റെ മകള്‍ എന്ന നിലയിലാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് മൃണാളിനി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാന്‍ കുട്ടികളേയും അവര്‍ ക്ഷണിച്ചു.
പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ നടത്തി വരുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിടുകയാണ്. കഴിഞ്ഞ 67 ദിവസമായി വിമുക്ത ഭടന്മാര്‍ സമരത്തിലാണെങ്കിലും ആഗസ്റ്റ് 15ന് ശേഷമാണ് നിരാഹാര സമരം തുടങ്ങിയത്.
കഴിഞ്ഞ ജൂണ്‍ 12 മുതലാണ് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ വിമുക്തഭടന്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിന് പൊലിമ നഷ്ടപ്പെടുമെന്നതിനാല്‍ സമരം നടത്തുന്നവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമം ഉണ്ടായിരുന്നു.
കാര്‍ഗില്‍ യുദ്ധ വിജയത്തിന് നേതൃത്വം നല്‍കിയ സൈനിക മേധാവിയെ ഇടനിലക്കാരനായി നിയോഗിച്ച് സമരം അവസാനിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തിയിരുന്നു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന പതിവ് പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായി ഒന്നും ഈ സ്വാതന്ത്ര്യ ദിനത്തിലും സംഭവിച്ചില്ല.


