ഒരു മിനിറ്റില്‍ പൂര്‍ണമായി ചാര്‍ജാവുന്ന അലുമിനിയം അയോണ്‍ ബാറ്ററിയുമായി ഗവേഷകര്‍ എത്തി. ഇത് വളക്കുകയും മടക്കുകയും ചെയ്യാം. കുറഞ്ഞചെലവില്‍ നിര്‍മിക്കാവുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയുമായി യു.എസിലെ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് രംഗത്തിറങ്ങിയത്.
മുമ്പു നിര്‍മിച്ച അലൂമിനിയം അയോണ്‍ ബാറ്ററികള്‍ 100 തവണ ചാര്‍ജ് ചെയ്താല്‍ ഉപയോഗശൂന്യമാവുമായിരുന്നു. വലിപ്പമേറിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആല്‍ക്കലൈന്‍ ബാറ്ററികളെ പിന്തള്ളിയാണ് ചെറിയതും ശേഷിയുമുള്ള ലിഥിയം അയോണ്‍ ബാറ്ററികള്‍ രംഗത്തത്തെിയത്. ഈ ലിഥിയം അയോണ്‍ ബാറ്ററികളേക്കാള്‍ സുരക്ഷിതമാണ് അലൂമിനിയം അയോണ്‍ ബാറ്ററിയെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാല കെമിസ്ട്രി പ്രഫസര്‍ ഡൈ ഹോങ്‌ജെ പറഞ്ഞു.
ഈ ബാറ്ററി തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ഇല്ല. മാത്രമല്ല, അലുമിനിയത്തിന് ലിഥിയത്തേക്കാള്‍ ചെലവ് കുറവുമാണ്. നെഗറ്റീവ് ചാര്‍ജുള്ള അലൂമിനിയം നിര്‍മിതമായ ആനോഡും പോസിറ്റീവ് ചാര്‍ജുള്ള ഗ്രാഫൈറ്റ് നിര്‍മിതമായ കാഥോഡുമാണു പുതിയ ബാറ്ററിയില്‍. ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് 1000 തവണയാണ് ചാര്‍ജിങ് ശേഷി.
വളയുന്നതിനാല്‍ ചുരുട്ടാവുന്ന സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും കണ്ടുപിടിത്തത്തിന് ഈ ബാറ്ററി ഊര്‍ജമേകുമെന്ന് പ്രതീക്ഷിക്കാം.


