ഒരു ദിവസം 121 പേര്‍ എബോള ബാധിച്ച് മരിച്ചു

ഫ്രീടൗണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ ശനിയാഴ്ച മാത്രം 121 എബോള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുമാസം മുമ്പ് ഇവിടെ എബോള പടരാന്‍ തുടങ്ങിയ ശേഷം ഒരൊറ്റ ദിവസം ഇത്രയേറെ പേര്‍ മരിക്കുന്നത് ആദ്യമായാണ്.
ഇതോടെ ഇവിടെ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 678 ആയി. 81 പേരില്‍ പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചു. ലോകത്താകെ എബോള ബാധിച്ച് ഇതിനകം 3439 പേര്‍ മരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി 7492 പേരിലാണ് എബോള ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗിനിയയിലാണ് എബോള റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സമീപരാജ്യങ്ങളായ ലൈബീരിയയിലേക്കും സിയറ ലിയോണിലേക്കും പടര്‍ന്നു.
ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ എബോള നിയന്ത്രണത്തിനായി സിയറ ലിയോണിലേക്ക് മെഡിക്കല്‍സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്യൂബ 165 പേരടങ്ങുന്ന ഒരു സംഘത്തെ കഴിഞ്ഞയാഴ്ച ഇവിടേക്ക് അയച്ചിരുന്നു. അമേരിക്ക ലൈബീരിയയിലേക്ക് 4000 സൈനികരെ എബോള നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് അയയ്ക്കുന്നുണ്ട്.

Top