ഒമിക്രോണ്‍: വിമാനത്താവളത്തിലെ നടപടിക്രമങ്ങളില്‍ തല്‍ക്കാലം മാറ്റമില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വിമാനത്താവളത്തിലെ നടപടിക്രമങ്ങളില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റിവ് ആണെങ്കില്‍ കുവൈത്തിലേക്ക് വരാമെന്നതാണ് നിലവിലെ വ്യവസ്ഥ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ തുടങ്ങിയ പൊതു ഇടങ്ങളിലെ കോവിഡ് പ്രോട്ടോകോളിലും തല്‍ക്കാലം മാറ്റം വരുത്തുന്നില്ല.

തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും സൂക്ഷ്മതയുടെ ഭാഗമായി ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. വിമാനത്താവള അധികൃതരും ആരോഗ്യ മന്ത്രാലയവും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് വ്യോമയാന വകുപ്പ് കുവൈത്തിലേക്ക് വരുന്നവരുടെ ട്രാവല്‍ ഹിസ്റ്ററി പരിശോധിക്കുന്നുണ്ട്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അടുത്തിടെ പോയവരാണെങ്കില്‍ പ്രത്യേകം പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകിച്ച യൂറോപ്യന്‍ പൗരന്‍ ആഫ്രിക്കന്‍ രാജ്യത്ത് പോയിരുന്നു.

 

Top