ഒബാമ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയില്‍ നിന്നും സൗദി രാജാവ് വിട്ടു നില്‍ക്കും

ദുബൈ: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വിളിച്ചുചേര്‍ത്ത ക്യാമ്പ് ഡേവിഡ് ഉച്ചകോടിയില്‍ സൗദി രാജാവ് സല്‍മാന്‍ പങ്കെടുക്കില്ല. നാളെ വാഷിംഗ്ടണില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നയെഫ് രാജകുമാരനായിരിക്കും സൗദിയെ പ്രതിനിധീകരിക്കുകയെന്ന് സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍ അറിയിച്ചു.

യെമനിലെ വെടിനിര്‍ത്തല്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്നതിനാലാണ് സൗദി രാജാവിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും വിദേശമന്ത്രി അല്‍ ജുബൈര്‍ വിശദീകരിച്ചു. എന്നാല്‍, ഇറാനെതിരേയുള്ള ഉപരോധം നീക്കാനും ആണവ പ്രശ്‌നത്തില്‍ അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കാനുമുള്ള യുഎസ് നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിക്കാനാണ് ഉച്ചകോടിയില്‍നിന്നു സൗദി രാജാവ് വിട്ടുനില്‍ക്കുന്നതെന്നും പറയപ്പെടുന്നു.

സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഐ.എസ് തീവ്രവാദികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഇറാനുമായി ആണവ രാഷ്ട്രങ്ങള്‍ രൂപപ്പെടുത്തിയ ആണവ കരാര്‍ ധാരണയും ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളായിരിക്കും.

Top