ലണ്ടന്‍: ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞു. 2010ന് ശേഷം ആദ്യമായാണ് ഒപെക് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി മൂല്യം ഒരു ലക്ഷം കോടി ഡോളറിന് താഴെയെത്തുന്നത്.
അടുത്തിടെ പുറത്തിറക്കിയ ഒപെക് വാര്‍ഷിക സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുറവാണ് ഒപെക് രാജ്യങ്ങളുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയിരിക്കുന്നത്.
2014ല്‍ ഒപെക് രാജ്യങ്ങളുടെ ക്രൂഡോയില്‍ കയറ്റുമതിയില്‍ നിന്നുള്ള ആകെ വരുമാനം 96,460 കോടി ഡോളറാണ്. മുന്‍ വര്‍ഷമിത് 1.10 ലക്ഷം കോടി ഡോളറായിരുന്നു.
2014 ജൂണില്‍ ബാരലിന് 100 ഡോളര്‍ ആയിരുന്ന ക്രൂഡോയില്‍ വില ഡിസംബറോടെ 60 ഡോളറിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2013ലേക്കാള്‍ ശരാശരി ഒമ്പത് ശതമാനമാണ് എണ്ണ വിലയിലെ ഇടിവ്.
അമേരിക്കയുടെ ഷെല്‍ ഗ്യാസ് ഉത്പാദനം കുത്തെന കൂടിയതാണ് ഒപെക് രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്. വിപണിയില്‍ എണ്ണ ഉത്പാദനം കൂടിയെങ്കിലും വിപണി പങ്കാളിത്തം നിലനിര്‍ത്താനായി ഉത്പാദനം പഴയ രീതിയില്‍ തുടരാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഒപെക് രാജ്യങ്ങളിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യക്ക് മാത്രം വരുമാനത്തില്‍ 9.2 ശതമാനം കുറവുണ്ടായി. 28,510 കോടി ഡോളറാണ് സൗദിയുടെ എണ്ണ കയറ്റുമതി വരുമാനം. അതേസമയം, ഈ രംഗത്ത് ദ്രുത വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഇറാഖിന് 5.7 ശതമാനം മാത്രമാണ് വരുമാന നഷ്ടം. 8,430 കോടി ഡോളറാണ് ഇറാഖിന്റെ കയറ്റുമതി വരുമാനം.
കലാപ ബാധിത മേഖലയായ ലിബിയയുടെ വരുമാനത്തില്‍ 66 ശതമാനം ഇടിവ് നേരിട്ടു. 1490 കോടി ഡോളര്‍ മാത്രമാണ് ലിബിയയ്ക്ക് കയറ്റുമതിയിലൂടെ നേടാനായത്.


