ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് ഹെഡ്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ച് ഷവേമി

ഇന്ത്യന്‍ വിപണിയില്‍ ഒന്നാം വാര്‍ഷികമാഘോഷിക്കുകയാണ് ചൈനീസ് ടെലികോം കമ്പനിയായ ഷവോമി. ഒന്നാം വര്‍ഷത്തെ വിജയാഘോഷങ്ങളുടെ ഭാഗമായി രണ്ട് ഹെഡ്‌ഫോണ്‍ മോഡലുകള്‍ ഷവോമി ഇന്ത്യക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ്.

ഒന്ന് ഇയര്‍ബഡുകളുടെ സഹായത്തോടെ ചെവിയില്‍ ഘടിപ്പിക്കാവുന്ന ‘ഇന്‍ ഇയര്‍’ മോഡലും മറ്റേത് ചെവി മൊത്തം മൂടുന്ന തരത്തിലുള്ള ‘ഓവര്‍ ദി ഇയര്‍’ മോഡലും.

‘ഇന്‍ ഇയര്‍’ മോഡല്‍ ഹെഡ്‌ഫോണിന് 999 രൂപയാണ് വില. ശബ്ദത്തിലെ ട്രെബിള്‍ ഘടകം കൂടുതല്‍ വ്യക്തതയോടെ കേള്‍പ്പിക്കുന്ന പ്രത്യേക സംവിധാനമുള്ള ഹെഡ്‌ഫോണാണിതെന്ന് ഷവോമി അവകാശപ്പെടുന്നു.

ആവശ്യം കഴിഞ്ഞാല്‍ ഹെഡ്‌ഫോണ്‍ ചുരുട്ടിവെക്കാവുന്ന കേബിള്‍ വൈന്‍ഡര്‍, മൂന്ന് വ്യത്യസ്ത അളവുകളിലുള്ള ഇയര്‍ബഡുകള്‍ എന്നിവയും ഹെഡ്‌ഫോണിനൊപ്പം ലഭിക്കും.

പ്രൊഫഷണല്‍ ഗായകര്‍ റെക്കോഡിങ് വേളയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ‘ഓവര്‍ ദി ഇയര്‍’ ഹെഡ്‌ഫോണുകള്‍ ആദ്യമായാണ് ഷവോമി വിപണിയിലെത്തിക്കുന്നത്.

സാധാരണ ഹെഡ്‌ഫോണുകളേക്കാള്‍ വലിപ്പം കൂടിയ 50 മില്ലിമീറ്റര്‍ ഡയഫ്രമാണ് ഷവോമി ഹെഡ്‌ഫോണിലുള്ളത്. ശബ്ദത്തിലെ വ്യക്തത നൂറു ശതമാനവും ഉറപ്പാക്കാന്‍ ഈ ഡയഫ്രത്തിന് സാധിക്കുമെന്ന് ഷവോമി പറയുന്നു.

ബില്‍ട്ട് ഇന്‍ മൈക്ക്, 3ഡി ഓഡിയോ എന്നീ സംവിധാനങ്ങളുളള ഈ ഹെഡ്‌ഫോണില്‍ പുറത്തുനിന്നുള്ള ശബ്ദശല്യം തടയുന്നതിനുള്ള ഡ്യുവല്‍ഡാംപിങ് സിസ്റ്റവുമുണ്ട്. 5,499 രൂപയാണ് ഇതിന്റെ വില.

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമാണ് ഹെഡ്‌ഫോണുകളുടെ വില്പന. ജൂലായ് 28 ന് മുമ്പ് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

2014 ജൂലായ് 22 ന് എംഐ3 എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായാണ് കമ്പനി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചത്.

പിന്നീട് റെഡ്മി 1എസ്, റെഡ്മി നോട്ട്, എംഐ4 എന്നീ സ്മാര്‍ട്‌ഫോണ്‍ മോഡലുകളും എംഐ ബാന്‍ഡ് എന്ന പേരില്‍ ഫിറ്റ്‌നസ് ബാന്‍ഡും ഷവോമി ഇന്ത്യയില്‍ വില്പനയ്‌ക്കെത്തിച്ചു.

എല്ലാം അതിഗംഭീരമായി വിറ്റുപോയതോടെ ഷവോമി എന്ന ബ്രാന്‍ഡ് ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതമായി മാറി. ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ചാമത് വലിയ മൊബൈല്‍ ഫോണ്‍ കമ്പനി എന്ന പേരും ഷവോമി കരസ്ഥമാക്കി.

Top