ഒടുവില്‍ പാക്കിസ്ഥാനും കിട്ടി മലയാളികളുടെ പച്ചതെറി

തിരുവനന്തപുരം: മരിയ ഷറപ്പോവയ്ക്കും ന്യൂയോര്‍ക്ക് ടൈംസിനും കിട്ടിയ മലയാളികളുടെ തെറി ഒടുവില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഫേസ്ബുക്ക് പേജിനും കിട്ടി. മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തത് പാക്കിസ്ഥാന്‍കാര്‍ ആണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ തെറിയഭിഷേകം നടത്തിയത്. .

മോഹന്‍ലാലിന്റെ ബ്ലോഗായ ‘ദ കംപ്ലീറ്റ് ആക്ടര്‍’ ആണ് ഇന്നലെ കുറച്ചുനേരത്തേക്ക് ഹാക്ക് ചെയ്തത്. ടീം സൈബര്‍ വാരിയേഴ്‌സ് ആണ് സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൈറ്റിലെ സന്ദേശത്തില്‍ പറയുന്നത്. സൈറ്റില്‍ പാക്കിസ്ഥാന്‍ പതാകയും, കാശ്മീര്‍ സ്വതന്ത്യ്രമാക്കണം എന്ന സന്ദേശങ്ങളുമാണ് ഉണ്ടായിരുന്നത്. ഹാക്ക് ചെയ്ത് അരമണിക്കൂറിന് ശേഷം ബ്ലോഗ് തിരിച്ചുപിടിക്കുകയും ചെയ്തു.

പാക്കിസ്ഥാന്‍ ഹാക്കര്‍മാരാണ് ഇത് ചെയ്തത് എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പാക് സൈന്യത്തിന്റെ ഫേസ്ബുക്ക് പേജില്‍ തെറിവിളി തുടങ്ങിയത്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിലാണ് കമന്റുകള്‍ നിരന്നത്. 911 കമന്റുകളാണ് ഇതിലിപ്പോള്‍ ഉള്ളത്. ഇതില്‍ ഭൂരിപക്ഷവും തെറിവിളികളാണ്. പലതും മലയാളത്തിലാണ്. ഇത് മനസ്സിലാവുമോ എന്ന് സംശയിച്ചാവണം കുറേ എണ്ണം ഹിന്ദിയിലുമുണ്ട്. മലയാളികളാണ് ഇവരില്‍ ഏറെയും.

Top