മനുഷ്യാവകാശ കമ്മീഷന്‍ ഐജിയുടെ നടപടി കോടതി സ്‌റ്റേ ചെയ്തു; ഗവ. റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിനപ്പുറത്തെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന വിവാദ ഐപിഎസ് ഓഫീസര്‍ ഐ.ജി. ശ്രീജിത്തിന് ഹൈക്കോടതിയുടെ പ്രഹരം.

കോട്ടയം മുണ്ടക്കയത്തെ ടി.ആര്‍.ആന്റ് ടി എസ്‌റ്റേറ്റ് ഭൂമി സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് അന്വേഷിക്കാനും രേഖകള്‍ പരിശോധിക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ടി.ആര്‍.ആന്റ് ടി കമ്പനി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി. ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

സര്‍ക്കാര്‍ ഭൂമി ആര് കൈയേറിയാലും അത് പിടിച്ചെടുക്കാനും തുടര്‍ നടപടി സ്വീകരിക്കാനുമുള്ള അധികാരം റവന്യൂ വകുപ്പിനാണെന്നിരിക്കെ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി. പ്രശ്‌നത്തില്‍ ഇടപെട്ട് രംഗത്ത് വന്നത് ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു.

എസ്റ്റേറ്റ് ഉടമകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഐ.ജി. ശ്രീജിത്തിന്റെ നടപടി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഇനി മനുഷ്യാവകാശ കമ്മീഷനും നിര്‍ണ്ണായകമാണ്.

മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന പദവി ഉപയോഗിച്ച് ശ്രീജിത്ത് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് ലഭിച്ച് പരാതികളില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ അന്വേഷണം നടത്തുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്തെ എസ്റ്റേറ്റ് ഭൂമി സംബന്ധമായ വിവാദവും ഉയര്‍ന്ന് വന്നിരുന്നത്.

വസ്തു തട്ടിപ്പ് കേസുകളില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലും എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(1)ലും നിലവില്‍ പ്രതിയായ ശ്രീജിത്ത് എന്ത് ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണമെന്ന ‘പ്രഹസന’ നാടകം നടത്തുന്നതെന്ന ചോദ്യം ഉദ്യോഗസ്ഥര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.

കേസുകളില്‍ പ്രതികളായവരും സര്‍ക്കാരിന്റെ നടപടിക്ക് വിധേയരായവരുമായ ഉദ്യോഗസ്ഥരെ ഒരു അന്വേഷണ ചുമതലയും ഏല്‍പ്പിക്കരുതെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുതിയ നിര്‍ദേശം നടപ്പാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാകണമെന്ന നിലപാടിലാണവര്‍.

മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക സംവിധാനമാണെങ്കിലും ഐ.ജി. അടക്കം അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം സംസ്ഥാന പൊലീസില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ ഡിജിപിയുടെ ഉത്തരവ് അവര്‍ക്കും സ്വാഭാവികമായും ബാധകമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുവിതാകൂര്‍ ദേവസ്വം വിജിലന്‍സ് ഓഫീസറായി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ആഭ്യന്തര വകുപ്പിനെതിരെ കഴിഞ്ഞ ദിവസം ഡിജിപി ടി.പി. സെന്‍കുമാര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

Top