ഇസ്ലാമിക് സ്റ്റേറ്റ്‌ ബന്ധം ആരോപിച്ച് 11 ഇന്ത്യക്കാരെ യു.എ.ഇയില്‍ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്‍തുണച്ച 11 ഇന്ത്യക്കാര്‍ യു.എ.ഇ അധികൃതരുടെ കസ്റ്റഡിയില്‍. ഐ.എസിന് അനുകൂലമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് മലയാളികളെ കേരളത്തിലേക്ക് തിരിച്ചയച്ചിരുന്നു.

ഐ.എസില്‍ ചേരാന്‍ തയ്യാറെടുത്തവരോ അത്തരക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തവരോ ആണ് പിടിയിലായത്. ഇവരില്‍ എട്ടുപേര്‍ അബുദാബിയിലും മൂന്നു പേര്‍ ദുബായിയിലും പ്രവര്‍ത്തിക്കുന്നവരാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടിരുന്ന ഇവരുടെ പോസ്റ്റുകള്‍ ഏറെ കാലമായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. ഐ.എസ് നേതൃത്വവുമായി ഇന്റര്‍നെറ്റ് വഴി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായും യു.എ.ഇ അധികൃതര്‍ കരുതുന്നു. ഇവര്‍ക്കൊപ്പം ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ളവരും പിടിയിലായിട്ടുണ്ട്.

ഐ.എസില്‍ ആളെചര്‍ക്കാനും ധനസമാഹരണം നടത്താനും അവര്‍ക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കാനും ഇവര്‍ ശ്രമിച്ചതായി യു.എ.ഇ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ ഓരോരുത്തരായി യെമന്‍, ടര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു.

കേരളത്തിലേക്ക് മടക്കിയയച്ച രണ്ട് പേരെ കന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തു. ഇവരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പോലീസും വ്യക്തമാക്കിയത്. എന്നാല്‍ ഇവര്‍ ശക്തമായ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29ന് ഇരുവരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചത്.

Top