ഐസിസി ഏകദിനറാങ്കിംഗ് : കോഹ്‌ലിക്കു രണ്ടാം സ്ഥാനം

മുംബൈ: ഐസിസി ഏകദിനറാങ്കിംഗില്‍ വിരാട് കോഹ്‌ലിക്കു രണ്ടാം സ്ഥാനം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിനപരമ്പരയിലെ മികച്ച ഫോമാണ് കോഹ്‌ലിക്കു തുണയായത്. വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ നേടിയ സെഞ്ച്വറി ഉള്‍പ്പെടെ 191 റണ്‍സാണ് പരമ്പരയില്‍ കോഹ്‌ലി നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കോഹ്‌ലി രണ്ടാമതെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ തന്നെ എബി ഡി വില്ലിയേഴ്‌സാണ് ഒന്നാമത്. മഹേന്ദ്ര സിംഗ് ധോണി ആറാം സ്ഥാനത്താണ്. ശിഖര്‍ ധവാന്‍ ഒരു റാങ്ക് പിന്നാക്കം പോയി എട്ടാമതായി. സുരേഷ് റെയ്‌ന മൂന്നു സ്ഥാനം മുന്നോട്ടു കയറി പതിനഞ്ചാമതെത്തി.

കരിയറിലാദ്യമായി ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളര്‍മാരുടെ ആദ്യപത്തില്‍ ഇടം പിടിച്ചു. ഏഴു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. അതേസമയം രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തു നിന്നും ആറാമതായി.

ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു. ദക്ഷിണാഫ്രിക്കയും രണ്ടാം റാങ്കില്‍ തന്നെയാണ്. ഒരു പോയന്റ് കൂടുതലുള്ള ഓസ്‌ട്രേലിയയാണ് ഒന്നാമത്.

Top