ഐപിഎല്‍ വാതുവയ്പ്പ് കേസ്: മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പ്പില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഐപിഎല്‍ മല്‍സരങ്ങളില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് വിലക്കി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്. മെയ്യപ്പന്‍ വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. വാതുവയ്പ്പിലൂടെ ബിസിസിഐയുടെയും ഐപിഎല്ലിന്റയും പ്രതിച്ഛായയെ ബാധിച്ചുവെന്നും കമ്മറ്റി നിരീക്ഷിച്ചു.

മെയ്യപ്പന്‍ വാതുവയ്പ്പില്‍ നേരിട്ട് പങ്കാളിയായി, ബിസിസിഐയുടെ നിയമങ്ങള്‍ ലംഘിച്ചു, വാതുവയ്പ്പുകാരുമായി നേരിട്ട് ബന്ധം, വിന്ധു ധാരാസിങ്ങുമായി ഫോണ്‍ സംഭാഷണങ്ങള്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായും വാതുവച്ചു, ടീമിന്റെ തന്ത്രങ്ങള്‍ നേരിട്ടറിയാവുന്ന വ്യക്തി, സൂപ്പര്‍ കിങ്‌സിന്റെ സ്‌കോര്‍ ശരിയായി പ്രവചിച്ചു. തുടങ്ങിയവയാണ് മെയ്യപ്പനെതിരായ ആരോപണങ്ങള്‍

വാതുവയ്പ്പുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ല, കുന്ദ്രയ്ക്കായി വാതുവച്ചതായി വാതുവയ്പുകാരന്റെ മൊഴി,വാതുവയ്പുകാരനെ പരിചയപ്പെടുത്തിയത് കളിക്കാരന്‍, ബിസിസിഐയുമായുള്ള കരാര്‍ ലംഘിച്ചു. എന്നിവയാണ് കുന്ദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍

ഐപിഎല്‍ ക്രമക്കേടില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയും കുറ്റക്കാരെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

ഒത്തുകളി, വാതുവയ്പ് ഇടപാടുകളില്‍ ശ്രീനിവാസനെതിരെ തെളിവില്ല. എന്നാല്‍, വാതുവയ്പ്പില്‍ പങ്കെടുത്തു എന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ചെന്നൈ ടീമിന്റെ ഉടമയായ ശ്രീനിവാസന്‍, ബിസിസിഐ പദവി വഹിച്ചതു ഭിന്നതാല്‍പര്യമാണെന്നും 130 പേജ് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

Top