ടൂണിഷ്: ഐഎസ് ഭീകരാക്രണ ഭീഷണിയെ തുടര്‍ന്ന് ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ബെജി കെയ്ദ് എസെബ്‌സി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ടുണീഷ്യയിലെ ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ വിദേശികളടക്കം 38പേരാണ് മരിച്ചത്. ആക്രമണം തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച പിഴവ് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഒപ്പം തീവ്രവാദി ആക്രമണമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടികള്‍ എടുക്കാതിരുന്ന എസെബ്‌സി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രമുഖ കേന്ദ്രങ്ങളുടെയെല്ലാം നിയന്ത്രണം സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി.
പൊതുയോഗങ്ങള്‍ നടത്താനുള്ള അവകാശം നിയന്ത്രണവിധേയമാക്കി. വിനോദസഞ്ചാര നഗരമായ സൗസ്സിലെ കടലോരവിശ്രമമേഖലയില്‍ ജൂണ്‍ 26നാണ് ഐഎസ് ഭീകരന്‍ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവരില്‍ 30 ബ്രട്ടീഷ് പൗരന്മാരുമുണ്ട്. ബ്രിട്ടന്റെയടക്കം സമ്മര്‍ദ്ദ ഫലമായാണ് ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വ്യാപക ആക്ഷേപമുണ്ട്. അയല്‍രാജ്യമായ ലിബിയയില്‍ സംഘര്‍ഷാവസ്ഥയാണ് ടുണീഷ്യയിലെ ആക്രമണങ്ങള്‍ക്ക് കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു.


