ഐഎസ്എല്‍: സമനിലയില്‍ കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ് സിയും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ് സിയും സമനിലയില്‍ പിരിഞ്ഞു. ഓരോ ഗോളു വീതമടിച്ചാണ് ഇരുടീമും സമനില നേടിയത്. രണ്ട് ഗോളുകളും പെനാല്‍റ്റിയിലൂടെ ആയിരുന്നു.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ജയം ഉറപ്പിച്ചിരിക്കേ ഇഞ്ചുറി ടൈമിലായിരുന്നു ചെന്നൈയിന്‍ എഫ് സിയുടെ ഈ സമനിലഗോള്‍. മെന്‍ഡോസയെ പെനാല്‍റ്റി ബോക്‌സില്‍ ദേബ്‌നാഥ് വീഴ്ത്തിയതിന് കിട്ടിയ സ്‌പോട്ട് കിക്കെടുത്ത യെലാനോയ്ക്ക് പിഴച്ചില്ല. ഐ എസ് എല്ലില്‍ യെലാനോയുടെ ആറാം ഗോള്‍.

മലയാളി താരം മുഹമ്മദ് റാഫിയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ചെന്നൈ ഗോളി ഷില്‍ട്ടന്‍ പോളിന് ചുവപ്പ് കാര്‍ഡും കിട്ടി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ കൊല്‍ക്കത്തയുടെ ജോഫ്രെയും ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഇരുടീമുകളും പത്തുപേരായി ചുരുങ്ങി. ആറ് കളികളില്‍ നിന്ന് 12 പോയിന്റുമായി കൊല്‍ക്കത്ത ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 പോയിന്റുള്ള ചെന്നൈയിന്‍ രണ്ടാം സ്ഥാനത്തുണ്ട്.

Top