ഐഎസ്എല്‍: കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ ടീം തങ്ങളാണെന്ന് തെളിയിച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം ജയം നുകര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കൊല്‍ക്കത്ത കീഴടക്കിയത്. എത്യോപ്യന്‍ താരം ഫിക്‌റു തെഫേറയുടെ 15ാം മിനിറ്റില്‍ മുന്നില്‍കടന്ന കൊല്‍ക്കത്തന്‍ ക്ലബ് അവസാന മിനിറ്റില്‍ പോഡനിയിലൂടെ വിജയം 20 ആക്കി. ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പട്ടികയുടെ തലപ്പത്ത് തുടരുന്നു. രണ്ടു മത്സരങ്ങളിലും ഗോള്‍ വഴങ്ങാതെയാണ് കൊല്‍ക്കത്ത ജയിച്ചു കയറിയതെന്നതും ശ്രദ്ധേയം.

ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ചുവപ്പു കാര്‍ഡിനും ഗോഹട്ടി സാക്ഷ്യം വഹിച്ചു. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് 84ാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ സ്പാനിഷ് മധ്യനിരതാരം ബോര്‍ജ പുറത്തു പോയി. കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കൊല്‍ക്കത്തയ്‌ക്കെതിരേ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. കൊല്‍ക്കത്തയാകട്ടെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ മറുപടിയില്ലാത്ത ഗോളുകള്‍ക്കു കീഴടക്കിയിരുന്നു.

Top