ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗളൂരു: മംഗള്‍യാന്‍ ചൊവ്വയില്‍ പ്രവേശിക്കുന്ന അഭിമാന നിമിഷത്തില്‍ ഐസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും.  ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തിയതോടെ നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 65 കോടി കിലോമീറ്റര്‍ അകലേക്ക് പോയതോടെ നമ്മള്‍ മനുഷ്യ ചിന്തക്ക് അപ്പുറത്തുള്ള നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്ത് ഇതുവരെ നടന്ന 51 ചൊവ്വാ ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചത്. മംഗള്‍യാനിലൂടെ ചൊവ്വാ ദൗത്യം വിജയിച്ച നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐ.എസ്.ആര്‍.ഒ മാറിയിരിക്കുന്നു. ആദ്യ ശ്രമത്തില്‍ വിജയിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന അഭിമാന നേട്ടം നമുക്ക് മാത്രം സ്വന്തമാണെന്നും മോഡി പറഞ്ഞു. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായി. ദൗത്യം വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ചരിത്രം നമ്മോട് പൊറുക്കില്ല. ടീം ഇന്ത്യ ടൂര്‍ണമെന്റ് വിജയിച്ച് വരുന്നതിലും ആയിരം മടങ്ങ് നേട്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബാംഗളൂര്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ശാസ്ത്രജ്ഞരെ മോഡി അഭിനന്ദിച്ചത്.

Top