ഐഎസിന്റെ സിറിയയിലെ പ്രധാനനേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഐഎസിന്റെ സിറിയയിലെ പ്രധാനപ്പെട്ട നേതാവ് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു. താരിഫ് ബിന്‍ താഹര്‍ അല്‍ അവ്‌ലി അല്‍ ഹര്‍സിയാണു കൊല്ലപ്പെട്ടത്.

സിറിയയിലേക്കും ഇറാക്കിലേക്കും ഐഎസിനായി ആളുകളെ എത്തിച്ചു കൊടുക്കുന്നതും സംഘടനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നല്‍കിയിരുന്നതും അല്‍ ഹര്‍സിയായിരുന്നു.

ഹര്‍സിയുടെ സഹോദരന്‍ അലി കഴിഞ്ഞ മാസം ഇറാക്കില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരുടേയും മരണം സംഘടനയ്ക്കു തിരിച്ചടിയായിരിക്കുകയാണ്. ലിബിയയില്‍ നിന്നുള്ള ആയുധക്കടത്തിന്റെ പ്രധാനപ്പെട്ട സൂത്രധാരന്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട അല്‍ ഹര്‍സിയ.

Top