ഐഎസിന്റെ ക്രൂരതയ്ക്ക് ജോര്‍ദ്ദാന്റെ മറുപടി; രണ്ടു ഭീകരരെ തൂക്കിലേറ്റി

ജറുസലേം: ഐഎസിന്റെ ക്രൂരതയ്ക്ക് അതേ നാണയത്തില്‍ ജോര്‍ദാന്‍ മറുപടി നല്‍കി. തങ്ങളുടെ പൈലറ്റിനെ നിഷ്‌കരുണം വധിച്ച ഐഎസിന്റെ നടപടിക്കെതിരെ ജോര്‍ദാന്റെ തടവിലുണ്ടായിരുന്ന ഐഎസ് ഭീകര വനിത അടക്കം രണ്ടു പേരെ തൂക്കിക്കൊന്നു. ഐഎസ് ഭീകര വനിത സജിത അല്‍ റിഷാവി, മറ്റൊരു ഭീകരന്‍ സിയാദ് കര്‍ബോല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. പൈലറ്റിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടിരുന്നു.

ഡിസംബറില്‍ ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റ് മുവാത് അല്‍ കസാസ്‌ബെയെ ഐഎസ് ഭീകരര്‍ ചൊവ്വാഴ്ചയാണ് വധിച്ചത്. ഇയാളെ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വെബ്‌സൈറ്റില്‍ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡിസംബറില്‍ എഫ്-16 വിമാനം സിറിയയിലെ ഐഎസ് സ്വാധീന മേഖലയില്‍ തകര്‍ന്നു വീണപ്പോഴായിരുന്നു പൈലറ്റ് ഐഎസിന്റെ പിടിയിലായത്. ഇയാളെ വച്ചുള്ള വിലപേശല്‍ ഐഎസ് നാളുകളായി തുടരുകയായിരുന്നു.

പൈലറ്റിനു പകരം സജിദ അല്‍ റിഷാവിയെ മോചിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനു ജോര്‍ദാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ റിഷാവിയെ മോചിപ്പിക്കുന്നതിന് മുമ്പ് പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്നു തെളിവ് വേണമെന്ന് ജോര്‍ദാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൈലറ്റിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടത്. ഉടന്‍ തന്നെ ഭീകരരെ തൂക്കിലേറ്റാന്‍ ജോര്‍ദാന്‍ തീരുമാനിക്കുകയായിരുന്നു.

Top