തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാന താല്‍പര്യത്തിന് വേണ്ടിയാണ് എ.ജി നിലകൊള്ളേണ്ടതെന്നും സര്‍ക്കാരിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ ഹാജരാകുന്നത് ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.
കേസുകള്‍ പരിഗണിക്കുമ്പോള്‍ ആ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ജഡ്ജിമാര്‍ പറയുന്നതും ശരിയല്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയെ കുറിച്ച് വന്ന പരാമര്‍ശം ഇത്തരത്തിലുള്ളതാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
നേരത്തെ എ.ജിയുടെ ഓഫീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അതിന് പരോക്ഷമായി പിന്തുണ നല്‍കുന്ന വിധത്തിലാണ് സുധീരന്റെ ഏ.ജിക്കെതിരായ വിമര്‍ശനം.
എ.ജി ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ല. അവര്‍ അബ്കാരി ഗ്രൂപ്പുകളുടേയോ, ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ്. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി വിമര്‍ശിച്ചിരുന്നു.


