എ.കെ.ജി സെന്ററില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം: സി.പി.എം ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന് വ്യാജ ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. കതിരൂര്‍ മനോജിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ആദ്യത്തെ ഫോണ്‍ സന്ദേശം. അല്‍പസമയത്തിനകം ഹിന്ദിയില്‍ രണ്ടാമത്തെ കോളും വന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. അതിരാവിലെയുണ്ടായ ഭീഷണി സന്ദേശം പൊലീസിനെ വട്ടം ചുറ്റിച്ചു.

ബോംബ് ഭീഷണിക്ക് പുറമെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവരെ വധിക്കുമെന്നും ഫോണില്‍ ഭീഷണിയുണ്ടായി. കെട്ടിടവും പരിസരവും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നേരംപുലരും മുമ്പുതന്നെ പരിശോധിച്ചു. എന്നാല്‍ ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഭീഷണി വ്യാജമാണെന്ന് മനസ്സിലായത്. ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിദേശത്തു നിന്നുമായിരിക്കാം ഫോണ്‍ വിളി എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തെങ്കിലും ഡി.സി.പി തലത്തിലാണ് അന്വേഷണം.

Top