രാജ്യത്തെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണിയില്‍ ശക്തമായ സാന്നിധ്യമാവാന്‍ മാരുതി സുസുക്കിയുടെ ‘എസ് ക്രോസ്’ എത്തുന്നു. അടുത്ത മാസത്തോടെ രാജ്യമെങ്ങുമുള്ള മാരുതി സുസുക്കി ഷോറൂമുകളിലും ‘എസ് ക്രോസ്’ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.
പുത്തന്‍ 1.6 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാവും ‘എസ് ക്രോസ്’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുകയെന്നാണു സൂചന. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനു പരമാവധി 115 പി എസ് കരുത്തും 156 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ടര്‍ബോ ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്താവട്ടെ 118 പി എസും ടോര്‍ക്ക് 320 എന്‍ എമ്മുമാണ്. ഇതല്ലെങ്കില്‍ മികവു തെളിയിച്ച കെ 14 പരമ്പരയിലെ 1.4 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകള്‍ തന്നെയാവും ‘എസ് ക്രോസി’നും കരുത്തേകുക. രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ ‘എസ് ക്രോസ്’ വില്‍പ്പനയ്ക്കുണ്ട്.
പുതിയ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ക്കൊപ്പം മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഘടിപ്പിക്കാന്‍ അവസരമുണ്ടെങ്കിലും ഇന്ത്യയില്‍ മാനുവല്‍ ഗീയര്‍ബോക്‌സ് സഹിതം മാത്രമാവും ‘എസ് ക്രോസ്’ ലഭ്യമാവുക.
4,300 എം എമ്മാണു കാറിന്റെ നീളം. 1,765 എം എം നീളവും 1,580 എം എം ഉയരവുമുള്ള ‘എസ് ക്രോസ്’ വിദേശ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത് 170 എം എം ഗ്രൗണ്ട് ക്ലിയറന്‍സോടെയാണ്. എന്നാല്‍ ഇന്ത്യയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് ഇതിലും കൂടാനാണു സാധ്യത. സാധാരണ ഗതിയില്‍ 430 ലീറ്റര്‍ സംഭരണശേഷിയുള്ള കാറിന്റെ പിന്‍സീറ്റ് മടക്കിയാല്‍ സ്ഥലലഭ്യത 1,269 ലീറ്ററായി ഉയരും.
മാരുതി സുസുക്കിയുടെ പതിവു ശൈലിയില്‍ ‘വി എക്‌സ് ഐ’, ‘വി ഡി ഐ’, ‘സെഡ് എക്‌സ് ഐ’, ‘സെഡ് ഡി ഐ വകഭേദങ്ങളില്‍ ‘എസ് ക്രോസ്’ വില്‍പ്പനയ്ക്കുണ്ടാവുമെന്നാണു പ്രതീക്ഷ. മിക്കവാറും എട്ടു ലക്ഷം രൂപ മുതലാവും ‘എസ് ക്രോസി’ന്റെ വകഭേദങ്ങളുടെ വിലയെന്നാണ് വിലയിരുത്തല്‍.


