എസ്.എന്‍.ഡി.പി-ആര്‍.എസ്.എസ് ബന്ധം നിലനില്‍ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: എസ്.എന്‍.ഡി.പി – ആര്‍.എസ്.എസ് ബന്ധം ശാശ്വതമായി നിലനില്‍ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എസ്.എന്‍.ഡി.പി യോഗം സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്‍പര്യമാണെന്നും മന്‍പ് പിന്നാക്ക ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി ഇന്ന് മുതലാളിത്ത നിലപാടുകള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിരുദ്ധ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിക്കും ആര്‍.എസ്.എസ്സിനും ഒരിക്കലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

സി.പി.എം എല്ലാക്കാലത്തും പിന്നാക്ക ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എസ്.എന്‍.ഡി.പിയെന്നല്ല ഒരു സംഘടനയേയും സി.പി.എം അവഗണിച്ചിട്ടില്ല. ഇങ്ങോട്ടുള്ള നിലപാടാണ് അങ്ങോട്ടും സ്വീകരിച്ചിട്ടുള്ളത്. സി.പി.എമ്മിനെ ശത്രുക്കളായാണ് എസ്.എന്‍.ഡി.പി കാണുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇന്ന് സമുദായ സംഘടനകളെ പോഷക സംഘടനകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ്സിന്റെ ശ്രമം. സംഘപരിവാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസ് വിഴുങ്ങും. ബി.ജെ.പിയോട് ചേരാനുള്ള യോഗത്തിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.

Top