എസ്.എന്‍.ഡി.പി ആരുടെയും വാലോ ചൂലോ അല്ലെന്ന് തുറന്നടിച്ച് വെള്ളാപ്പള്ളി നടേശന്‍

ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി ആരുടെയും വോലോ ചൂലോ അല്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും ബി.ജെ.പിയോടും എസ്.എന്‍.ഡി.പിക്ക് അയിത്തമില്ല. എസ്.എന്‍.ഡി.പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായതായും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ സാഹചര്യങ്ങളും ഭൂരിപക്ഷങ്ങള്‍ നേരിടുന്ന അവഗണനയും അമിത്ഷായെ ബോധിപ്പിച്ചു.

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാനാണ് വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തിയത്. എന്നാല്‍ തിരക്കുകാരണം പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയിരുന്നില്ല. അതിനാലാണ് വെള്ളാപ്പള്ളി അമിത് ഷായെ കണ്ടത്.

കൂടിക്കാഴ്ച നടക്കുമ്പോള്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Top