എസ്എസ്എല്‍സി പരീക്ഷാഫലത്തിലെ പിഴവ് ബാഹ്യ ഇടപെടലാകാമെന്ന് അബ്ദുറബ്ബ്

തിരുവനനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തിലെ പിഴവുകള്‍ ബാഹ്യ ഇടുപെടല്‍മൂലമാണോ എന്ന് സംശയിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവുകള്‍ ഗൗരവമായി കാണുന്നുവെന്നും എന്‍ഐസി ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ ബാധിക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടാകില്ല. അതേസമയം പ്രസിദ്ധീകരിച്ച എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ വലിയ മാറ്റവുമുണ്ടാകില്ലെന്നും വീണ്ടും ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദ അന്വേഷണം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പായി മൂല്യ നിര്‍ണയ ക്യാംപുകള്‍ നിന്ന് കിട്ടിയ മാര്‍ക്കുമായി ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തും. അതിനാല്‍ ഒര്‍ജിനല്‍ സര്‍ട്ടിറിക്കറ്റില്‍ തെറ്റുണ്ടാകില്ല. പ്രസിദ്ധീകരിച്ച പരീക്ഷ ഫലത്തില്‍ വിദ്യാര്‍ഥികളുടെ ഗ്രേഡിങ്ങില്‍ വ്യത്യാസമോ ഏെതങ്കിലും വിഷയങ്ങളില്‍ ഗ്രേഡിങ് ഇല്ലാതെ വരുകയോ ചെയ്താല്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാന്‍ ഡിപിഐ നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

Top