എഴുതി നല്‍കുന്ന മറുപടി പ്രസിദ്ധീകരിക്കണമെന്ന് മോഡി; അഭിമുഖമേ വേണ്ടെന്ന് ഫ്രഞ്ച് പത്രം

പാരീസ്: എഴുതി നല്‍കുന്ന മറുപടി പ്രസിദ്ധീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടിനെ തുടര്‍ന്ന് ഫ്രാന്‍സിലെ പ്രമുഖ പത്രമായ ലേ മുണ്ടെ നരേന്ദ്രമോഡിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചില്ല.

ലേഖകരുമായി നേരിട്ടുള്ള അഭിമുഖത്തിന് നരേന്ദ്രമോഡി നിരസിച്ചതിനാലാണ് അഭിമുഖം പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ലേ മുണ്ടെയുടെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റ് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയുമായി നേരിട്ടുള്ള മുഖാമുഖത്തിനാണ് ലേ മുണ്ടെ പത്രം അനുവാദം തേടിയത്. എന്നാല്‍ ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചേു. നേരിട്ടുള്ള അഭിമുഖം നിരസിച്ച പ്രധാനമന്ത്രി ചോദ്യങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ പത്രത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.

എന്നാല്‍ ഈ നിര്‍ദേശം പത്രം തള്ളി. നേരിട്ടുള്ള അഭിമുഖം നല്‍കാത്തതിനാല്‍ പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം മതന്യൂനപക്ഷങ്ങള്‍ക്കെതിരായി നടന്ന കടാക്രമണങ്ങള്‍ അഭിമുഖത്തില്‍ ചര്‍ച്ചയാകുമെന്ന ഭയമാണ് നരേന്ദ്രമോഡിയെ നേരിട്ടുള്ള അഭിമുഖത്തില്‍ നിന്ന പിന്‍തിരിപ്പിച്ചത്.

സംഘപരിവാര്‍ നേതൃത്വത്തില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് ആഗോളതലത്തില്‍ ചര്‍ച്ചയാകുമെന്നും ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ അജന്‍ഡപോലും ഇതിലൂടെ മാറിപ്പോകുമെന്നും മോഡി ഭയന്നു.

ഫ്രാന്‍സിലെ പ്രമുഖ പത്രമായ ലേ മുണ്ടെയുടെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റ് ജൂലിയന്‍ ബോഷ്വ ആണ് അഭിമുഖം പ്രസിദ്ധീകരിക്കേണ്ടെന്ന് പത്രം തീരുമാനിച്ച വിവരം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.

Top