എല്‍ജിയുടെ ജി ഫ്‌ളക്‌സ് 2 ഇന്ത്യയില്‍ എത്തി ; വില 54,990 രൂപ

എല്‍ജിയുടെ ഏറ്റവും പുതിയ കര്‍വ്ഡ് മോഡല്‍ ഫോണായ ജി ഫ്‌ളക്‌സ് 2 ഇന്ത്യയില്‍ എത്തി. ഈവര്‍ഷം ജനവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ (സെസ്) യില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഫോണ്‍ ഇപ്പോഴാണ് ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുന്നത്. 54,990 രൂപയാണ് ഇതിന്റെ വില.

1080X1920 പിക്‌സല്‍സ് റിസൊല്യൂഷനുളള (പിക്‌സല്‍ സാന്ദ്രത 403 പിപിഐ) 5.5 ഇഞ്ച് പിഒലെഡ് ( ജഛഘഋഉ ) ഡിസ്‌പ്ലേ സ്‌ക്രീനാണ് ഈ ഫോണിന്റെ മുഖ്യ ആകര്‍ഷണം. ലക്ഷങ്ങള്‍ വിലവരുന്ന എല്‍ജി കര്‍വ്ഡ് ടി.വിയിലെ അതേ ദൃശ്യമികവ് സമ്മാനിക്കുന്ന ഫോണാണിതെന്ന് എല്‍ജി അവകാശപ്പെടുന്നുണ്ട്.

പോറല്‍ ഏല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ്ലാസ് 3 യുടെ മേലെ രാസപ്രയോഗം നടത്തി പ്രത്യേകം നിര്‍മിച്ചെടുത്ത ഡ്യുറഗാര്‍ഡ് ഗ്ലാസ് കൊണ്ടാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. കോര്‍ണിങ് ഗ്ലാസ് 3 യേക്കാള്‍ 20 ശതമാനം ബലക്കൂടുതല്‍ ഈ ഗ്ലാസിനുണ്ടെന്ന് എല്‍ജി പറയുന്നു.

ഫോണിന്റെ നിയന്ത്രണബട്ടനുകളെല്ലാം പിന്‍ഭാഗത്താണ് സജ്ജമാക്കിയിരിക്കുന്നത്. ചെറിയ പോറലുകള്‍ വീണാല്‍ തനിയെ നൂര്‍ന്നുശരിയാകുന്ന പോളികാര്‍ബണേറ്റ് ഫിനിഷിങുള്ള പ്രതലമാണിത്.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.പി.യു., രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണ് ഈ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ജി ഫ് ളക്‌സ് 2 സിംഗിള്‍ സിം മോഡലാണ്.

ഡ്യുവല്‍ എല്‍ഇഡി ടു ടോണ്‍ ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ലേസര്‍ അധിഷ്ഠിത ഓട്ടോ ഫോക്കസ് എന്നീ സംവിധാനങ്ങളുള്ള ക്യാമറയാണിത്. മുന്‍ക്യാമറ 2.1 മെഗാപിക്‌സലിന്റേത്.

കണക്ടിവിറ്റിക്കായി 4ജി അടക്കമുളള എല്ലാ ആധുനികസംവിധാനങ്ങളോടും കൂടിയാണ് എല്‍ജി ജി ഫ്‌ളക്‌സ് 2 വിന്റെ വരവ്. 3000 എംഎഎച്ചിന്റെ നോണ്‍റിമൂവബിള്‍ ബാറ്ററി ഫോണിന് വേണ്ട ഊര്‍ജം പകരുന്നു. 40 മിനിട്ടിനുളളില്‍ 50 ശതമാനം ചാര്‍ജ് കയറുന്ന ‘ഫാസ്റ്റ് ചാര്‍ജിങ്’ സംവിധാനവും ഇതിലുണ്ട്.

സാംസങ് ഗാലക്‌സി എസ് 6 എഡ്ജ്, ആപ്പിള്‍ ഐഫോണ്‍ 6 എന്നീ മുന്‍നിര മോഡലുകളോടായിരിക്കും എല്‍ജി ജി ഫ്‌ലെക്‌സ് 2 വിന് മത്സരിക്കേണ്ടിവരുക.

Top