എല്ലോയില്‍ അംഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല എല്ലോയിലും സൂപ്പര്‍ താരമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക. ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വെല്ലുവിളിയായെത്തിയ എല്ലോയില്‍ അംഗമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. എല്ലോയില്‍ അംഗത്വമെടുത്ത ഉടന്‍ തന്നെ ‘ഹായ് എല്ലോ’ എന്ന് മമ്മൂട്ടി പോസ്റ്റിടുകയും ചെയ്തു.

29 ഫോളോവേര്‍സാണ് എല്ലോയില്‍ മമ്മൂട്ടിക്കുള്ളത്. രണ്ട് പേരെ മമ്മൂട്ടിയും ഫോളോ ചെയ്യുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ 6 പുറത്തിറങ്ങിയ ഉടന്‍ തന്നെ സ്വന്തമാക്കി മമ്മൂട്ടി നേരത്തേയും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.

എല്ലോയില്‍ നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് മാത്രമേ അംഗമാകാന്‍ സാധിക്കുകയുള്ളൂ എന്നതാണ് മറ്റൊരു സവിശേഷത. പരസ്യമില്ലാത്ത സൗഹൃദസദസ്സെന്ന പ്രഖ്യാപനവുമായാണ് എല്ലോ അവതരിച്ചത്. സ്വകാര്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച എല്ലോ അടുത്തിടെയാണ് ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രം അംഗമാകാനുള്ള അവസരം നല്‍കി തുടങ്ങിയത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ അംഗത്വമെടുക്കാന്‍ മണിക്കൂറില്‍ ഏകദേശം 35,000 റിക്വസ്റ്റുകളാണ് എല്ലോക്ക് ലഭിച്ചത്.

റോബോര്‍ട്ടുകളുടെയും സൈക്കിളുകളുടെയും നിര്‍മ്മാതാവായ പോള്‍ ബുഡ്‌നിട്‌സിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്‍മാരും പ്രോഗ്രാമര്‍മാരും ചേര്‍ന്നാണ് എല്ലോ സ്ഥാപിച്ചത്.

Top