എല്ലാവരെയും കബളിപ്പിക്കുക എന്ന ഒരു ഗുണമേ മോദിക്കുള്ളൂവെന്ന് ലാലുപ്രസാദ് യാദവ്

പട്‌ന: ബിഹാറിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദിക്കു ദൈവത്തെ വരെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ലാലു പറഞ്ഞു. എല്ലാവരെയും കബളിപ്പിക്കുക എന്ന ഒരു ഗുണമേ മോദിക്കുള്ളൂ. ദൈവത്തെ വരെ ഇങ്ങനെ കബളിപ്പിക്കാം. അധികാരത്തിലേറി 15 മാസത്തിനുള്ളില്‍ തന്റെ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം പ്രാവര്‍ത്തികമാക്കിയതിന്റെ തെളിവു മോദിക്കു കാണിക്കാനുണ്ടോയെന്നും ലാലു വെല്ലുവിളിച്ചു.

പ്രത്യേക പാക്കേജ് എന്നതില്‍ പുതുമയില്ല. പഴയ പദ്ധതികളെല്ലാം പൊടിതട്ടിയെടുത്തതേയുള്ളൂ. 15 മാസം മോദി ബിഹാറിനെ മറന്നിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വീണ്ടുമോര്‍ക്കുന്നത്. അടുത്ത മൂന്നു മാസത്തേക്ക് മോദി ഇനി പാക്കേജിനെക്കുറിച്ചു പറയുന്നത് കേള്‍ക്കാം. ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അറിയാം വാഗ്ദാനങ്ങള്‍ ആവിയായിപ്പോകുന്നതെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

വൈശ്യ വിഭാഗത്തിന്റെ കണ്‍വെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലാലു. ബിജെപിയുടെ വോട്ട്ബാങ്കാണ് വൈശ്യര്‍. ദലിത് വോട്ട്ബാങ്കിനെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നു മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിനുള്ള ഉത്തരമായാണ് വൈശ്യരുടെ ഇടയിലെ യോഗം ആര്‍ജെഡി- ജെഡിയു – കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്.

Top